നെടുങ്കണ്ടം: ടൗണിലെ ഗതാഗത പരിഷ്കരണത്തിനായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേർത്തപ്പോഴും യോഗം നടക്കുന്ന പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഔദ്യോഗിക വാഹനം ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പാർക്ക് ചെയ്തു. കുമളി–മൂന്നാർ ഹൈവേയിൽ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് പഞ്ചായത്തിന്റെ വാഹനം അലക്ഷ്യമായി പാർക്ക് ചെയ്തത്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ട്രാഫിക് പരിഷ്കരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ഇത്. മുൻപും പഞ്ചായത്ത് വാഹനം റോഡിൽ തന്നെ പാർക്ക് ചെയ്ത് പോയ സാഹചര്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുള്ള പ്രാരംഭ നടപടികൾപോലും സ്വീകരിക്കാതെയാണ് ഇത്തവണയും യോഗം വിളിച്ചുചേർത്തതെന്നും ആക്ഷേപമുണ്ട്. ആർടിഒ, പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തതുമില്ല. വർഷങ്ങളായി നെടുങ്കണ്ടത്ത് ട്രാഫിക് പരിഷ്കരണ കമ്മിറ്റികൾ യോഗം ചേരുന്നുണ്ടെങ്കിലും കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന പരാതിയും ശക്തമാണ്.
ബസ് സ്റ്റോപ്പുകളിൽ സമാന്തര സർവീസ് വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നതുമൂലം ബസുകൾ റോഡിന്റെ മധ്യഭാഗത്ത് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. സമാന്തര സർവീസ് വാഹനങ്ങളുടെ അനധികൃത പാർക്കിംഗിനെതിരേ ബന്ധപ്പെട്ട വകുപ്പുകൾ കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതിനു പുറമേ നെടുങ്കണ്ടം ടൗണിൽ പേ ആൻഡ് പാർക്ക് സംവിധാനം ഒരുക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്താനും പഞ്ചായത്ത് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.